30/12/2024
മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ വിജയകരമായി പ്രവർത്തനം തുടരുന്നു. പ്രമുഖ ബ്രാൻഡുകളിൽ നിന്ന് പ്രതിമാസം കോടിക്കണക്കിന് രൂപയാണ് വാടകയിനത്തിൽ ലഭിക്കുന്നത്. കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും ലഭിക്കുന്നു ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായനാണ് മുകേഷ് അംബാനി എന്ന വ്യക്തി.
ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായനാണ് മുകേഷ് അംബാനി എന്ന വ്യക്തി. അദ്ദേഹം നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ക്യാപ്പുള്ള കമ്പനി. സമീപ കാലത്തായി ടെലികോം, റീടെയിൽ, ഫിനാൻഷ്യൽ മേഖലകളിലേക്കെല്ലാം അംബാനി തന്റെ ബിസിനസ് വ്യാപിപ്പിച്ചു. ഇത്തരത്തിൽ ശ്രദ്ധേയമായ ലക്ഷ്വറി ഹബ്ബാണ് ജിയോ വേൾഡ് പ്ലാസ. ഇവിടെ പ്രവർത്തിക്കുന്ന ബ്രാൻഡുകളിൽ നിന്ന് പ്രതിമാസം 40,00000 രൂപ വരെ വാടക റിലയൻസ് ഈടാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലാണ് ജിയോ വേൾഡ് പ്ലാസ തലയുയർത്തി നിൽക്കുന്നത്. മുംബൈ നഗരത്തിന്റെ റീടെയിൽ ഭൂമിക തന്നെ മാറ്റിമറിച്ചു കൊണ്ടാണ് ഈ മാൾ അവതരിച്ചത്. ഒരു ഷോപ്പിങ് മാൾ എന്നതിലുപരി അത്യാഡംബരത്തിന്റെയും, ഹൈ എൻഡ് എക്ലൂസീവ് ഐറ്റങ്ങളുടെയും മഹാ സംഗമമാണ് ഇവിടെ കാണാനാവുന്നത്.
2023 വർഷത്തിലാണ് ജിയോ വേൾഡ് സെന്റർ തുറന്നത്. ധനികർക്ക് യഥേഷ്ടം പർച്ചേസ് നടത്താനുള്ളതെല്ലാം ഇവിടെയുണ്ട്. ലക്ഷ്വറി ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, ആഡംബര ജ്വല്ലറി പ്രൊഡക്ടുൾ, പ്രീമിയം വാച്ചുകൾ, ആക്സസറികൾ തുടങ്ങിയവയെല്ലാം നിരന്നിരിക്കുന്നു. Louis Vuitton, Dior, Balenciaga തുടങ്ങിയ ഇന്റർനാഷണൽ ബ്രാൻഡുകൾക്കെല്ലാം ഇവിടെ സ്റ്റോറുകളുണ്ട്. ഇത്തരത്തിൽ മുംബൈ നഗരത്തെ രാജ്യത്തിന്റെ ആഡംബര തലസ്ഥാനമാക്കി മാറ്റുന്ന വിധമാണ് ജിയോ വേൾഡ് പ്ലാസ രൂപകല്പന ചെയ്തിരിക്കുന്നത്.
രാജ്യത്തെ ധനാഢ്യരെ മാത്രമല്ല, ഇന്റർനാഷണൽ ഷോപ്പിങ് നടത്തുന്നവരെയും ഈ മാൾ ആകർഷിക്കുന്നു. ഒരു ലക്ഷ്വറി റീടെയിൽ ഡെസ്റ്റിനേഷൻ എന്ന തലത്തിലേക്ക് ജിയോ വേൾഡ് ഉയർന്നു കഴിഞ്ഞു. ഫ്രാൻസിലെ ലക്ഷ്വറി ബ്രാൻഡായ Louis Vuitton, തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോർ തുറന്നിരിക്കുന്നത് ജിയോ വേൾഡ് പ്ലാസയിലാണ്. കമ്പനിയുടെ രാജ്യത്തെ നാലാമത്തെ സ്റ്റോറാണിത്. ജിയോ മാളിൽ ബ്രാൻഡ് ഓപ്പറേറ്റ് ചെയ്യുന്നത് 7,365 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ്. ഇതിനായി പ്രതിമാസം 40.5 ലക്ഷം രൂപയാണ് കമ്പനി വാടകയായി നൽകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ ജിയോ മാളിലെ വാടകയിലൂടെ മാത്രം കോടിക്കണക്കിന് രൂപയാണ് മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. കൂടാതെ ജിയോ മാളിലെ പല പ്രമുഖ ബ്രാൻഡുകളുമായും റിലയൻസിന് റവന്യു ഷെയറിങ് കരാറുകളാണുള്ളത്. ഈ ബ്രാൻഡുകളുടെ വരുമാനത്തിന്റെ 4% മുതൽ 12% വരെ റിലയൻസിന് ലഭിക്കുന്നു. ഇത്തരത്തിൽ മാൾ ബിസിനസിലും മുകേഷ് അംബാനി എന്ന ബിസിനസുകാരന്റെ കച്ചവടക്കണ്ണ് വിജയിക്കുന്ന കാഴ്ച്ചയാണുള്ളത്.