06/010/2025
ജിദ്ദ: സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക പ്രവർത്തന നിരക്ക് രേഖപ്പെടുത്തി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്. 2024-ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് എയർപോർട്ട് കൈവരിച്ചത്. 2023 നെ അപേക്ഷിച്ച് 14 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിമാനത്താവളം വഴി സർവീസ് നടത്തിയ യാത്രക്കാരുടെ എണ്ണം 49.1 ദശലക്ഷത്തിലധികമാണെന്ന് അധികൃതർ അറിയിച്ചു.
മൊത്തം ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനയും എയർപോർട്ട് റിപ്പോർട്ട് ചെയ്തു, 278,000 ത്തിലധികം പറക്കലുകളാണ് വർഷം നടത്തിയത്. മുൻ വർഷത്തേക്കാൾ 11 ശതമാനം വർധനവ് ഇക്കാര്യത്തിലുണ്ടായി. കൂടാതെ, 21 ശതമാനം പ്രവർത്തന വളർച്ചയോടെ 47.1 ദശലക്ഷം ബാഗുകൾ വിമാനത്താവളം കൈകാര്യം ചെയ്തു.
174,600-ലധികം യാത്രക്കാർക്ക് സേവനം നൽകിയ 2024 ഡിസംബർ 31-നാണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ മാസം വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായും മാറി. എണ്ണം 4.7 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം അവസാന മാസത്തിൽ എയർപോർട്ട് ഉപയോഗിച്ചത്.