06/010/2025
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാ നടപടികൾ തുടരുന്നു. 19,541 ഓളം നിയമലംഘകരാണ് ഡിസംബർ 26 മുതൽ ജനുവരി 01 വരെ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംയുക്തമായി നടത്തിയ ഫീൽഡ് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതിൽ 11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 അതിർത്തി സുരക്ഷാ ലംഘകരും 3,364 തൊഴിൽ നിയമലംഘകരുമാണ്.
അനധികൃതമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 953 പേർ അറസ്റ്റിലായി. ഇതിൽ 58 ശതമാനം പേരും ഇത്യോപ്യൻ പൗരന്മാരാണ്. ബാക്കിയുള്ളവരിൽ 40 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 129 പേർ പിടിയിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേരെയും പിടികൂടി. നിലവിൽ നടപടികൾ നേരിടുന്ന 33,733 നിയമലംഘകരിൽ 30,724 പുരുഷന്മാരും 3,009 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 22,827 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 5,365 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. 8,954 പേരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി നാടുകടത്തുകയും ചെയ്തു.