06/010/2025
അജ്മാന്: ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ പുതിയ പതിപ്പുകളാണ് ഓരോ ദിവസവും മാറി മാറി വരുന്നത്. എത്ര ശ്രദ്ധിക്കുന്നവരെയും വലയിലാക്കാന്‍ കഴിയുമാറ് പുതിയ രീതികളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൊലീസും ബാങ്ക് അധികൃതരും പൊതുജനങ്ങളെ നിരന്തരം ബോധവത്കരിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അടവുകള്‍ മാറ്റിപ്പിടിക്കുന്നതിനാല് അൽപം ശ്രദ്ധ തെറ്റുമ്പോഴേക്കും ആളുകള്‍ അറിയാതെ വീണ്ടും പെട്ടുപോവുകയാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലക്കാരനായ പ്രവാസിക്കാണ് പുതിയ അനുഭവം ഉണ്ടായത്. ചെറിയ അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹത്തിന് പണം ആവശ്യമായി വന്നപ്പോഴാണ് ആപ് വഴി നാട്ടിലേക്ക് ഒരു തുക അയക്കാന്‍ ശ്രമിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ രണ്ട് പ്രാവശ്യം ശ്രമം ബാങ്ക് തടഞ്ഞതായി ആപ്പില്‍ ഇദ്ദേഹത്തിന് മെസേജ് വന്നു. അതോടെ ആശങ്കയിലായ ഇദ്ദേഹത്തിന് ബാങ്കില്‍നിന്നെന്നും അറിയിച്ച് ലാൻഡ് ഫോണ്‍ നമ്പറില്‍നിന്ന് ഒരു കാൾ വന്നു. ബാങ്കില്നിന്നാണെന്നാണ് ഫോണ്‍ ചെയ്തയാള്‍ ഇദ്ദേഹത്തോട് പരിചയപ്പെടുത്തിയത്. ലാൻഡ് ഫോണ്‍ ആയതിനാല്‍ വലിയ സംശയം ഒന്നും തോന്നിയില്ല. ഇപ്പോള്‍ പണം അയക്കാന്‍ ശ്രമിച്ചിരുന്നോ എന്നും വ്യക്തതക്ക് ജനന തീയതിയും ഇ-മെയില്‍ അഡ്രസും ആവശ്യപ്പെടുകയുംചെയ്തു. അത് ഇദ്ദേഹം നല്‍കുകയും ചെയ്തു.