06/010/2025
ദോഹ: ഖത്തറിന്റെ മണ്ണിൽനിന്ന് ഫ്രഞ്ച് ഫുട്ബാളിലെ സൂപ്പർ കപ്പ് കിരീടമുയർത്തി പാരിസുകാരുടെ മടക്കം. 974 സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രിയുടെ തണുപ്പിന് പെരുങ്കളിയിലൂടെ ചൂട് പകർന്ന ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടപ്പോരാട്ടത്തിൽ എതിരാളികളായ എ.എസ് മൊണാകോയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു പി.എസ്.ജിയുടെ കിരീടനേട്ടം. കളിയുടെ മുഴുവൻ സമയവും ഗോൾരഹിതമായി പിറന്നപ്പോൾ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ മുന്നേറ്റ താരം ഉസ്മാനെ ഡെബലെ വിജയ ഗോൾ കുറിച്ചു.
കളിയുടെ ആദ്യ മിനിറ്റ് മുതൽ വിങ്ങിലൂടെ ചടുലമായ നീക്കങ്ങളിലൂടെ പന്തിനെ എതിർ ഗോൾമുഖത്തേക്ക് നയിച്ച മൊറോക്കൻ താരം അഷ്റഫ് ഹകിമിയും ബ്രസീലിയൻ സൂപ്പർതാരം മാർക്വിനോസുമായിരുന്നു ആരാധകരെ ത്രസിപ്പിച്ചത്. എണ്ണംപറഞ്ഞ നിവധി മുന്നേറ്റങ്ങൾ ഈ കൂട്ടുകെട്ടിലൂടെ മധ്യവര കടന്ന് കുതിച്ചു. എന്നാൽ, മുന്നേറ്റം നയിച്ച ഉസ്മാനെ ഡെംബലെക്ക് പന്തിനെ പോസ്റ്റിലേക്ക് നയിക്കാനായില്ല.