06/010/2025
ദോഹ: ചരക്കുനീക്കത്തിൽ റെക്കോഡ് നേട്ടവുമായി ഖത്തറിലെ തുറമുഖങ്ങൾ. കണ്ടെയ്നർ, ജനറൽ കാർഗോ, റോറോ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുമായെത്തുന്ന കപ്പലുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 23 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായി ഖത്തറിലെ തുറമുഖ ചരക്കുനീക്കം കൈകാര്യം ചെയ്യുന്ന മവാനി ഖത്തർ അറിയിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ഇനങ്ങളിലെ 2803 ചരക്കുകപ്പലുകളാണ് അൽ റുവൈസ്, ദോഹ, ഹമദ് തുറമുഖങ്ങളിലായി എത്തിയത്.
ഖത്തറിനെ പ്രമുഖ പ്രാദേശിക വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായി ഷിപ്പിങ്, ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാന ഹബുകളിലൊന്നായി മാറാൻ സാധിച്ചതായും മവാനി ഖത്തർ പറഞ്ഞു. ഖത്തരി സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനും ഇതുവഴി കഴിഞ്ഞു.