07/01/2025
കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ബസുകളിലടക്കം ജി.പി.എസ് സംവിധാനവും സി.സി ടി.വി കാമറകളും നിര്‍ബന്ധമാക്കുമ്പോഴും സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയില്ല. കഴിഞ്ഞ ദിവസം ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് സ്‌കൂള്‍ ബസ് മറിഞ്ഞ് കണ്ണൂരില്‍ ഒരു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരവേയാണ് സ്‌കൂള്‍ ബസുകളിലും സി.സി ടി.വി കാമറകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയരുന്നത്.
വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും രക്ഷിതാക്കളുടെ ആശങ്ക അകറ്റാനും സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ജി.പി.എസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം പാലിക്കാത്ത വാഹനങ്ങള്‍ ഇപ്പോഴും സര്‍വിസ് നടത്തുന്നുണ്ട്.
കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ആദ്യം പറഞ്ഞത് ബസിന്റെ ഫിറ്റ്‌നെസ് ഇല്ലായ്മയും മറ്റു കാരണങ്ങളുമാണ് അപകട കാരണമെന്നാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഫിറ്റ്‌നെസ് ഇല്ലാത്ത ബസ് ഓടിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നായിരുന്നു ബസ് ഡ്രൈവറുടെ മൊഴി. ഇതിന് പിന്നാലെയാണ് അപകടത്തിന്റെ പിന്നിലെ കാരണങ്ങളുടെ ചുരുളഴിയുന്നത്.അപകട സമയത്ത് ബസ് ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവിങ്ങിനിടെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവച്ചുവെന്നുമുള്ള ആരോപണവും സംഭവത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ പൊലിസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.