07/01/2025
ഇടുക്കി: പുല്ലുപാറ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാങ്ങൾക്ക് അടിയന്തിര സഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 4 പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരണപ്പെട്ടത്. 34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.