08/01/2025
മനാമ: ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം ബഹ്റൈന്‍ പാര്‍ലമെന്റ് പാസാക്കി. ഇതുപ്രകാരം പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദവും അതത് മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ ജോലിക്ക് പ്രവാസികളെ പരിഗണിക്കുകയുള്ളൂ. എന്നു മാത്രമല്ല, പ്രവാസി ജീവനക്കാര്‍ക്കുള്ള കരാറുകള്‍ രണ്ട് വര്‍ഷത്തേക്ക് മാത്രമേ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. കരാര്‍ പുതുക്കണമെങ്കില്‍ സിവില്‍ സര്‍വീസ് ബ്യൂറോയുടെ അംഗീകാരം നേടണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.