08/01/2025
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ നടന്ന സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി കേസെടുത്ത 91 പേര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് യു.പി പൊലിസ് അറിയിച്ചു. പൊലിസിന് നേരെ കല്ലെറിഞ്ഞ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തതായും അക്രമത്തില്‍ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലിസ് പറഞ്ഞു. ഇനി 91 പേരെയാണ് പിടികൂടാനുള്ളത്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലോ സമീപ ജില്ലകളിലെ ബന്ധുവീടുകളിലോ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാനും ജാമ്യമില്ലാ വാറണ്ട് ഇറക്കാനും കോടതിയെ സമീപിക്കുമെന്നും പ്രതികളാരെയും വെറുതെവിടില്ലെന്നും സംഭല്‍ എസ്.പി കൃഷ്ണ കുമാര്‍ ബിഷ്‌നോയ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ അദ്‌നാന്‍ മുഹമ്മദിനെയും (30) സിക്ര ഖാത്തൂനെയും (45) അറസ്റ്റ് ചെയ്തതായും ഇവര്‍ പൊലിസുകാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തവരാണെന്നും ബിഷ്‌നോയ് ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനുള്ളില്‍ കോടതി ഇവര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന വിധത്തിലുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലിസ് ഭീഷണിപ്പെടുത്തി.
നവംബര്‍ അവസാനം ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ സംഘത്തിന് നേര്‍ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലിസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു വെടിവയ്പ്പ്. പിന്നാലെ പ്രദേശത്ത് കൂട്ട റെയ്ഡും ബുള്‍ഡോസര്‍രാജും നടപ്പാക്കിയതോടെ ഇവിടെയുള്ള പ്രായപൂര്‍ത്തിയായ മിക്ക മുസ്ലിംകളും മാറിനില്‍ക്കുകയോ ഒളിവില്‍കഴിയുകയോ ചെയ്തിരുന്നു. മിക്ക വീട്ടിലും ഏറെക്കുറേ സ്ത്രീകളും കുട്ടികളുമാണുള്ളത്. ഇതിനിടെയാണ് പ്രതികാര നടപടിയുമായി വാറണ്ട് ഇറക്കാനുള്ള നീക്കം പൊലിസ് നടത്തുന്നത്.
നവംബറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാവുറഹ്മാന്‍ ബര്‍ഖ് ആണ് ഒന്നാം പ്രതി. തിരിച്ചറിയാത്ത 700 ഓളം പേരും പ്രതിപ്പട്ടികയിലുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബര്‍ഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റ്‌ചെയ്യുന്നതില്‍നിന്ന് കോടതി അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിരുന്നു. സ്ഥലം എം.എല്‍.എയുടെ മകന്‍ സുഹൈല്‍ ഇഖ്ബാലും ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയും കേസിലെ പ്രതികളാണ്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.