08/01/2025
ദുബൈ: വര്‍ഷങ്ങളോളം അടച്ചിട്ടിരുന്ന സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി തുറന്നതിന്റെ പ്രതീക്ഷയിലാണ് സിറിയയിലെ ഒരു വിഭാഗം സിറിയന്‍ പ്രവാസികള്‍. അതേസമയം ആശങ്കയുടെ മനസ്സുമായി കഴിയുന്ന സിറിയക്കാരും ഇവര്‍ക്കിടയിലുണ്ട്. ബശ്ശാറുല്‍ അസദ് ഉപേക്ഷിച്ചു പോയ, സംഘര്‍ഷത്തിന്റെ മുറിവുണങ്ങാത്ത സിറിയയില്‍ ഇനി തങ്ങളെ എന്താണു കാത്തിരിക്കുന്നതെന്ന ഉത്കണ്ഠയാണ് ഇവര്‍ പങ്കുവെക്കുന്നത്.
മിക്ക സിറിയന്‍ പ്രവാസികളും വീട്ടിലേക്കുള്ള പാത സ്വപ്‌നം കണ്ടു കഴിയുകയാണ്. മുന്‍കാലങ്ങളില്‍ ജോര്‍ദാനിലേക്ക് പറന്ന്, അവിടെനിന്ന് സിറിയയിലേക്ക് ഷട്ടില്‍ ബസില്‍ കയറുക എന്നതായിരുന്നു ഏക പോംവഴി. എന്നാലിപ്പോല്‍ ഡമാസ്‌കസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനക്ഷമമായിരിക്കുന്നു. അതിനാല്‍ വീട്ടിലേക്ക് നേരിട്ട് ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നതിനാല്‍ പലരും ആവേശത്തിലാണ്.