09/01/2025
മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ ഷമി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യൻ കുപ്പായമണിയും.
2023 ലോകകപ്പിന് ശേഷം വലതുകാലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി ഷമി വൈറ്റ് ബാൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയുണ്ടെങ്കിൽ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താനാവു.
ശസ്ത്രക്രിയക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്താൻ വലിയ ശ്രമമാണ് ഷമി നടത്തുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ഷമി ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിൽ നിന്നും ഷമി പുറത്തായിരുന്നു. പശ്ചിമബംഗാളിന് വേണ്ടി വിജയ ഹസാരെ ട്രോഫിയിൽ ഷമി കളിച്ചിരുന്നു.
ഹരിയാനക്കെതിരെ നടക്കുന്ന വിജയ് ഹസാര ട്രോഫിയിലെ പ്രീ-ക്വാർട്ടർ മത്സരം ഷമിയെ സംബന്ധിച്ച് നിർണായകമാണ്. മത്സരത്തിലെ പ്രകടനം മുൻനിർത്തിയാവും ഷമിയുടെ ടീമിലേക്കുള്ള പുനപ്രവേശനം. ആഭ്യന്തര ടൂർണമെന്റുകളിൽ പന്തെറിയുമ്പോൾ ഷമിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.