13/01/2025
റിയാദ്: സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി ആദ്യ ആഴ്ചയില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുകയായിരുന്ന 10,319 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയത്. അറസ്റ്റിലായവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.