13/01/2025
മനാമ: റോഡിലെ എമർജൻസി പാതകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ കടുപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ. ആറ് മാസത്തിൽ കുറയാത്ത തടവ്, 2,000ത്തിനും 6,000ത്തിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ, വേണമെന്നാണ് എം.പിമാരുടെ ശിപാർശ.
2014ലെ ട്രാഫിക് നിയമം ഈ രീതിയിൽ ഭേദഗതി ചെയ്യണമെന്ന ആവശ്യം അബ്ദുള്ള അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് സമർപ്പിച്ചത്. നിയമഭേദഗതി നടപ്പാക്കിയാൽ, റോഡ് സുരക്ഷ മെച്ചപ്പെടുമെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തുടനീളം സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ ഇതുവഴി കഴിയും. മാത്രമല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഈ ലൈനുകൾ എന്ന ബോധ്യം ജനങ്ങൾക്കുണ്ടാകാൻ കടുത്ത ശിക്ഷ സഹായകമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.