15/01/2025
കൊല്ലം : യാത്രക്കാർക്ക് ആശ്വാസമായി പുനലൂർ - കന്യാകുമാരി പാസഞ്ചർ ട്രെയിനിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മേഖലയിൽ വർദ്ധിച്ചുവരുന്ന യാത്ര തിരക്കിന് വലിയൊരു ആശ്വാസമാണ് റെയിൽവേയുടെ തീരുമാനം. രാവിലെ 06:35ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 08:06 ഓടെയാണ് പരവൂര് കടന്നുപോകുന്നത്. സ്റ്റേഷനിൽ സ്റ്റോപ്പ് ആരംഭിക്കുന്നതോടെ സമയക്രമത്തിൽ നേരിയ മാറ്റം വന്നേക്കാം
നിലവിൽ കൊല്ലം ജങ്ഷൻ വിട്ടാൽ വർക്കല ശിവഗിരിയിൽ മാത്രമാണ് പുനലൂർ - കന്യാകുമാരി പാസഞ്ചറിന് സ്റ്റോപ്പുള്ളത്. പരവൂരിൽ സ്റ്റോപ്പ് ലഭിക്കുന്നത് മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് വളരെയധികം പ്രയോജനപ്പെടും. 07:50നാണ് പാസഞ്ചർ കൊല്ലത്ത് നിന്ന് പുറപ്പെടുക.ഇരവിപുരവും മയ്യനാടും കഴിഞ്ഞാണ് പരവൂരിലെത്തുക. ഈ രണ്ടിടത്തും ട്രെയിനിന് സ്റ്റോപ്പില്ല. പരവൂര് കഴിഞ്ഞുള്ള കാപ്പിൽ, ഇടവ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ്പുകളില്ല. ഈ സാഹചര്യത്തിലാണ് പരവൂര് സ്റ്റോപ്പ് വേണമെന്ന ആവശ്യം ഉയർന്നത്.