17/01/2025
ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയിൽ ഇന്ന് പ്രഭാതമുണരുന്നത് ദോഹ കോർണിഷിൽ നിറഞ്ഞു കവിഞ്ഞ ഓട്ടക്കാരുടെ സാന്നിധ്യവുമായാവും. 140 രാജ്യങ്ങളില്‍നിന്ന് 15,000 ത്തോളം ഓട്ടക്കാർ പങ്കെടുക്കുന്ന ദോഹ മാരത്തൺ കുതിപ്പിന് വെള്ളിയാഴ്ച രാവിലെ തുടക്കമാകും.
മുൻവർഷത്തേക്കാൾ രണ്ടായിരത്തോളം പേർ അധികം പങ്കെടുക്കുന്ന മാരത്തണിൽ ഇത്തവണ റെക്കോഡ് പങ്കാളിത്തമാണുള്ളതെന്ന് സംഘാടകർ അറിയിച്ചു. ദോഹ കോർണിഷും, സമീപ റോഡുകളും വേദിയാകുന്ന 42 കി.മീ ദൈർഘ്യമുള്ള മാരത്തണിന് തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് ഫുൾ മാരത്തൺ മത്സരത്തിന് തുടക്കം കുറിക്കുന്നത്. 21 കി. മീ ദൈർഘ്യമുള്ള ഹാഫ് മാരത്തണിന് 6.20നും, 10 കി.മീ മത്സരത്തിന് 8.15നും,അഞ്ച് കി.മീ ഓട്ടത്തിന് 8.40നും തുടക്കമാകും.