18/01/2025
റിയാദ്: ചികിത്സാ രംഗത്ത് വന്‍ നേട്ടവുമായി സൗദി അറേബ്യ. ലോകത്ത് ആദ്യമായി റോബോട്ടിക് സഹായത്തോടെ കൃത്രിമ ഹൃദയ ധമനി (ഹാര്‍ട്ട്‌മേറ്റ് 3) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയാണ് സൗദി അറേബ്യ പുതിയ നാഴികക്കല്ല് തീർത്തത്. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെൻ്ററിലായിരുന്നു ഈ സങ്കീര്‍ണമായ ശസ്ത്രക്രിയ. മെഡിക്കല്‍ സാങ്കേതികവിദ്യയിലും രോഗീ പരിചരണത്തിലും ഒരു പ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നതായി സൗദി കൈവരിച്ച ഈ നേട്ടം.
ആബട്ട് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഹാര്‍ട്ട്‌മേറ്റ് 3 എല്‍വിഎഡി (ഇടത് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഉപകരണം) ശസ്ത്രക്രിയയിലൂടെ രോഗിയുടെ നെഞ്ചില്‍ വിജയകരമായി ഘടിപ്പിക്കുകയായിരുന്നു. ഇടത് വെന്‍ട്രിക്കിള്‍ എന്നറിയപ്പെടുന്ന ഇടതു ഭാഗത്തെ ഹൃദയ അറയില്‍ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ സഹായിക്കുന്ന ധമനിയാണിത്. ഒരു കണ്‍ട്രോളര്‍ യൂണിറ്റും ബാറ്ററി പാക്കും ശരീരത്തിന് പുറത്ത് ധരിക്കുകയും ചര്‍മ്മത്തിലെ ഒരു ചെറിയ ദ്വാരത്തിലൂടെ എല്‍വിഎഡിയുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് രീതി.
വൃക്കയുടെയും ശ്വാസകോശത്തിൻ്റെയും പ്രവര്‍ത്തനം മോശമാകാന്‍ കാരണമായ ഗുരുതരമായ ഹൃദയസ്തംഭനം മൂലം 120 ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35 വയസ്സുള്ള ഒരു രോഗിയിലാണ് വിജയകരമായി ഹാര്‍ട്ട്‌മേറ്റ് 3 ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്. ഈ നൂതന ശസ്ത്രക്രിയയിലൂടെ വൃക്കയുടെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യം വീണ്ടെടുത്ത രോഗി, കുടുംബത്തോടൊപ്പം കഴിയാന്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.