23/01/2025
വാഷിങ്ടണ്‍: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ അയ്യായിരത്തോളം ഏക്കര്‍ കത്തി നശിച്ചു. പിറു തടാകത്തിന് ചുറ്റുമുള്ള 31000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളില്‍ ഭീമൻ തീജ്വാലകള്‍ പടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8,000 ഏക്കറിലേറെ (3,200 ഹെക്ടർ) പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ സാന്റ അനാ കാറ്റുകള്‍ പ്രദേശത്തു വീശിയടിക്കുന്നതാണു തീ ആളിപ്പടരാൻ കാരണം. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിലെയും 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം നല്‍കി. സാന്റ ക്ലാരിറ്റ നഗരത്തിന് അടുത്താണ് ഈ തടാകം. പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ ലഭിച്ചു.