23/01/2025
ചാമ്പ്യൻസ് ലീഗിൽ ആസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് റയൽ മാഡ്രിഡിന് വമ്പൻ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ കിലിയൻ എംബാപ്പെയും റയലിനായി വല കുലുക്കി. ആദ്യ പകുതിയിൽ 23, 34 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാമാണ് ഇരു ഗോളുകൾക്കും അസിസ്റ്റ് നൽകിയത്.
പകുതി സമയത്ത് 2-0ന് മുന്നിലെത്തിയ റയലിന്റെ ശേഷിച്ച ഗോളുകൾ രണ്ടാം പകുതിയിലാണ് പിറന്നത്. 48-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഗോൾ. 55-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ വിനീഷ്യസ് നാലാം ഗോൾ നേടി. 77-ാം മിനിറ്റിൽ വാൽവർഡെയുടെ പാസിൽ വിനീഷ്യസ് റയലിന്റെ അഞ്ചാം ഗോളും നേടി. 85-ാം മിനിറ്റിൽ മാഡ്സ് ബിഡ്സ്ട്രപാണ് സാൽസ്ബർഗിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ പോയന്റ് പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് കയറാനും റയലിന് കഴിഞ്ഞു.