24/01/2025
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചു. 4 തവണ വെടിവച്ചതിൽ ഒരെണ്ണം ആനയുടെ പിന്‍കാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു.
പൂർണ മയക്കത്തിലായ ശേഷമാകും ആനയെ വിശദമായി പരിശോധിച്ച് ചികിത്സ നൽക്കുക. അതേസമയം, ആനയോടൊപ്പമുണ്ടായിരുന്ന ഒരു മോഴയാനയും രണ്ട് കൊമ്പനാനകളും മുളങ്കാടിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന് കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വനപാലകർ പറയുന്നു.
സാധാരണ രീതിയിൽ തന്നെ തീറ്റയും വെള്ളവുമെടുക്കുന്നുണ്ട്. മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിലേക്ക് ഇടുന്നുണ്ടെന്നും വനപാലകർ അറിയിച്ചു.