25/01/2025
ന്യൂഡൽഹി: ബിജെപിയും പൊലിസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി. ഈ രണ്ടു വിഭാഗവും കെജ്‌രിവാളിൻ്റെ ജീവൻ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും, ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അതിഷി ആരോപിച്ചു.
കെജ്‌രിവാളിനു പഞ്ചാബ് പൊലിസ് നൽകിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്നു പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അതിഷി വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ തുടർച്ചയായി നിരവധി ആക്രമണങ്ങൾ നടക്കുന്നത് നിരീക്ഷിക്കുകയാണെന്നും, ഒക്ടോബർ 24ന് ഡൽഹി പൊലിസിൻ്റെ കൺമുന്നിലാണ് വികാസ്‌പുരിയിൽ വച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നും അതിഷി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആക്രമിച്ചത് ബിജെപി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞു. നവംബർ 30ന് മാൾവിയ നഗറിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടു. കൂടാതെ, അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ആക്രമണം തടയാനോ പ്രതികൾക്കെതിരെ നടപടിയെടുക്കാനോ ഡൽഹി പൊലിസ് തയാറായില്ല. ഇത് പൊലിസും ബിജെപിയുമായുള്ള കൂട്ടുകെട്ട് കാരണമാണെന്നും അതിഷി പറഞ്ഞു.
അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലിസിൽ വിശ്വാസമില്ലെന്നും, കെജ്‌രിവാളിൻ്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ആംആദ്‌മി പാർട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.