25/01/2025
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് വീണ്ടും കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്ന പദ്ധതി ശ്രീലങ്കൻ സർക്കാർ ഉപേക്ഷിച്ചു. ശ്രീലങ്കൻ ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കാറ്റാടിപ്പാടം പദ്ധതിക്കെതിരെ നേരത്തേ ജനരോഷം ഉയർന്നിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലാണ് പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു
അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മാത്രമാണ് ഉപേക്ഷിച്ചതെന്നും കാറ്റാടിപ്പാടം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്നുമാണ് സൂചനകൾ. വിഷയത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സുപ്രധാന തുറമുഖത്ത് അദാനി പോർട്സ് രാജ്യാന്തര കണ്ടെയ്നർ ടെർമിനലും സജ്ജമാക്കുന്നുണ്ട്.