27/01/2025
ന്യൂഡൽഹി: ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. എല്ലാവിധ വ്യവഹാരങ്ങൾക്കും സമയത്തിന്‍റെ കാര്യത്തിൽ ഐ.എസ്.ടി മാനദണ്ഡമാക്കാനാണ് ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024ലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഒരേയൊരു സമയരേഖ മാത്രമാണുള്ളത് -ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം. എന്നാൽ, കൃത്യമായ ഏകീകൃത ഐ.എസ്.ടി സമയമല്ല നിലവിൽ സർക്കാർ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും നിലവിലുള്ളത്. ചെറിയ സമയവ്യത്യാസങ്ങൾ പലയിടങ്ങളിലുമുണ്ടാകും. കോടതി വ്യവഹാരങ്ങളിൽ പോലും നിലവിൽ ഏകീകൃത സമയമില്ല. ഇനി മുതൽ എല്ലാ ഔദ്യോഗിക, വാണിജ്യ, നിയമ കാര്യങ്ങളിലും കൃത്യമായ ഒരേയൊരു സമയം ഉപയോഗിക്കുകയാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്.