29/01/2025
കുവൈത്ത് സിറ്റി∙ ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി കുവൈത്തിൽ തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ചു. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയുണ്ട്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്.
കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ ഭവന അലവൻസ് നൽകണം. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനമാണ് ഭവന അലവൻസായി നൽകേണ്ടത്. പുതിയ മാനദണ്ഡപ്രകാരം താമസം ഒരുക്കണമെന്ന് തൊഴിലുടമകളോട് അഭ്യർഥിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.