29/01/2025
മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനുമേല്‍ രണ്ട് ശതമാനം നികുതിയേര്‍പ്പെടുത്താനുള്ള ശുപാര്‍ശയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ (ഷൂറാ കൗണ്‍സില്‍) ഇന്നലെ ചര്‍ച്ചക്ക് വയ്ക്കുകയും വോട്ടിനിട്ട് പാസ്സാക്കുകയുമായിരുന്നു. പുതുക്കിയ നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെ ബഹ്‌റൈനിലെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് 2 ശതമാനം നികുതി നല്‍കേണ്ടിവരും. 200 ദിനാറില്‍ (46,000) താഴെയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം, 201 നും 400 നും ഇടയില്‍ ദിനാര്‍ അയക്കാന്‍ 2 ശതമാനവും ലെവി ചുമത്തുന്ന സംവിധാനമാണ് ഇതോടെ നിലവില്‍വരുന്നത്.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലേക്കും നിയമവിരുദ്ധമായി പണം നാട്ടിലേക്കയക്കാനും പ്രവാസികളെ ഈ നിയമം പ്രേരിപ്പിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വിഭാഗം എം.പിമാരും സാമ്പത്തിക വിദഗ്ധരും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തരം അനൗപചാരിക കൈമാറ്റ രീതികളെ ആശ്രയിക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക ഷൂറ കൗണ്‍സില്‍ തള്ളുകയായിരുന്നു. 2023 ഫെബ്രുവരിയില്‍ ആദ്യമായി സമര്‍പ്പിച്ചതിനുശേഷം ഇത്തരത്തിലുള്ള ആശങ്കകള്‍മൂലം ബില്‍ ഒന്നിലധികം പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിരുന്നു.