30/01/2025
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ നിരാകരിക്കുകയും 2024 ജനുവരി 22ന് മാത്രമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നതെന്ന് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ്.
77 വർഷം മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോഡ്‌സെയാണ് ബാപ്പുവിന്റെ ശരീരത്തിലേക്ക് വെടിയുണ്ടകൾ കയറ്റിയത്. എന്നാൽ അതിന്റെ പിന്നിൽ ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ കുറിച്ചു. ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് ശക്തമായ അധികാരസ്ഥാനങ്ങളിൽ ഇന്ന് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.