1/02/2025
ദോഹ ∙ ഖത്തറിൽ സിംഹത്തിന്റെ ആക്രമണത്തിൽ പതിനേഴുകാരനായ സ്വദേശി പൗരന് ഗുരുതര പരുക്ക്. ഉംസലാലിലെ വളർത്തു കേന്ദ്രത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു
സിംഹത്തെ കാണാനായി യുവാവ് മിക്കപ്പോഴും വളർത്തു കേന്ദ്രം സന്ദർശിച്ചിരുന്നു. ഇത്തവണയെത്തിയപ്പോൾ കൂടിന് വെളിയിലായിരുന്നു സിംഹം. അതേസമയം വളർത്താൻ നൽകിയ സിംഹമല്ല യുവാവിനെ ആക്രമിച്ചതെന്നും വളർത്തു കേന്ദ്രത്തിലുണ്ടായിരുന്ന 7 വയസ്സ് പ്രായമുള്ള മറ്റൊരു സിംഹമാണ് ആക്രമിച്ചതെന്നും പതിനേഴുകാരന്റെ അമ്മ പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്തു.