3/02/2025
മൂലമറ്റം: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് കേടായ പന്നിമാംസമെന്ന പേരിൽ പായയിൽ പൊതിഞ്ഞ് റോഡരികിൽ തള്ളി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിന്‍റെ (47) മൃതദേഹം മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കുസമീപം തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. മുഖത്തും ശരീരഭാഗത്തും പുഴുവരിച്ചിട്ടുണ്ട്. ഇടതുകൈ മുട്ടുമുതൽ അറ്റ നിലയിലായിരുന്നു. തലയുടെ വലതുവശത്തും ഉച്ചിയിലും ആഴത്തിലുള്ള മുറിവുണ്ട്.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, കാഞ്ഞാർ എസ്.എച്ച്.ഒ ശ്യാംകുമാർ, കാഞ്ഞാർ എസ്.ഐ ബൈജു പി. ബാബു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.