3/02/2025
കൊച്ചി: 2025 -26 വർഷത്തെ ബജറ്റിൽ 2.55 ലക്ഷം കോടി ലഭിച്ചതിന് പിന്നാലെ വൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് റെയിൽവേ മന്ത്രി നടത്തിയത്. ഈ സാമ്പത്തിക വർഷത്തിൽ 200 വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കുമെന്നാണ് റെയിൽവേ മന്ത്രി പറഞ്ഞത്. വരാനിരിക്കുന്നത് അതിവേഗ ട്രെയിനുകളുടെ കാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. കൂടുതൽ സെമി ഹൈസ്പീഡ് ട്രെയിനുകൾ എത്തുമ്പോൾ രാജ്യത്തിൻ്റെ വിവിധ കോണുകളിലേക്ക് കണക്ടിവിറ്റി വർധിക്കും.
200 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് പുറമെ, 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും പുറത്തിറക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. സ്ലീപ്പർ ക്ലാസും, ചെയർ കാറും ഉൾപ്പെടെയുള്ള വന്ദേ ഭാരതുകളാണ് ഇന്ത്യ ഈ വർഷം നിർമിക്കുക. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു.