03/03/2025
കേരള: ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതുന്ന എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷകൾ 26ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ ഇന്നും ഒന്നാം വർഷ പരീക്ഷകൾ ആറിനും തുടങ്ങും. രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ. ഉച്ചയ്ക്ക് 1.30നാണ് ഹയർസെക്കൻഡറി പരീക്ഷകൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,13,417 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.