04/03/2025
തൃശൂർ ∙ അതിരപ്പിള്ളിയിലെ ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയ്ക്കു കാലിൽ പരുക്ക്. ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ആനയുടെ കാലിനു ചെറിയ മുടന്തുള്ളതായി ഡോക്ടർമാർ പറഞ്ഞു. ആനയ്ക്കു ക്ഷീണവുമുണ്ട്.
മുള്ളുവേലിയിലെ കമ്പി കാലിൽ തറച്ചെന്നാണു സംശയം. പ്രാഥമിക പരിശോധനയ്ക്കു ശേഷമേ, മയക്കു വെടിവച്ചു പിടിച്ച് ആനയെ ചികിത്സിക്കണോയെന്നു തീരുമാനിക്കൂ. ദിവസങ്ങൾക്കു മുൻപ്, മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ചികിത്സിക്കുന്നതിനു മയക്കുവെടി വച്ചപ്പോൾ തൊട്ടടുത്ത് ഏഴാറ്റുമുഖം ഗണപതി ഉണ്ടായിരുന്നു. വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും കരളലിയിപ്പിച്ചിരുന്നു.