07/03/2025
കൊല്ലം ∙ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നഗരത്തിൽ കൊടികളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച സിപിഎമ്മിന് കോർപറേഷന്റെ പിഴ. 3.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടിസിൽ പറയുന്നത്. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് അനുമതി തേടിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനമെടുത്തിട്ടില്ല. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതി തന്നെയാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നത്.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ അനുമതി തേടി സി.പി.എം അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തില്‍ കോർപറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ് ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.