10/03/2025
മക്ക ∙ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ എത്തുന്ന വിശ്വാസികളുടെ ചെറിയ കുട്ടികളെ താൽക്കാലികമായി സംരക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ശിശുപരിപാലന കേന്ദ്രം തുറന്നു. മാതാപിതാക്കൾ പ്രാർഥനയിൽ പങ്കെടുക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ചൈൽഡ് കെയർ സെന്റർ ഏറ്റെടുക്കും. ഒന്നര മുതൽ 9 വയസ്സു വരെയുള്ള കുട്ടികളെ കേന്ദ്രത്തിൽ ഏൽപിച്ച് മാതാപിതാക്കൾക്ക് സമാധാനത്തോടെ നമസ്കാരത്തിലും അനുബന്ധ പ്രാർഥനയിലും മുഴുകാം.
ശിശുക്ഷേമ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വീഡിയോകൾ കാണുന്നതിനും വിശ്രമത്തിനും ഉറക്കത്തിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടിയുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ ലഭ്യമാകുന്ന ക്യുആർ കോർഡ് സഹിതമുള്ള റിസ്റ്റ്ബാൻഡ് ധരിപ്പിച്ചാണ് പ്രവേശിപ്പിക്കുക.