19/03/25
ഗസ്സ: ഗസ്സയിൽ ഭാഗികമായ രീതിയിൽ കരയാക്രമണം തുടങ്ങി ഇസ്രായേൽ. നെറ്റ്സെരിം ഇടനാഴിയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായാണ് ആക്രമണം. ഗസ്സ വിഭജിക്കുന്നതും പ്രദേശത്തിന്റെ നിയന്ത്രണത്തിന് അത്യാവശ്യമെന്നും കരുതുന്ന റോഡാണ് നെറ്റ്സെരിം. ഈ പാതയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുന്നതിനായാണ് ഇസ്രായേൽ പ്രധാനമായും ആക്രമണം പുന:രാരംഭിച്ചിരിക്കുന്നത്.
ബുധനാഴ്ച മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 70 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 436 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 183 കുട്ടികളും ഉൾപ്പെടുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 49,547 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 112,719 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്.