20/03/25
ദോഹ: സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഹൃദ്രോഗികൾക്ക് ചികിത്സാ സഹായവുമായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റലിലെ 70 ഹൃദ്രോഗികൾക്കാണ് ഔഖാഫ് ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സാ സഹായം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അടിയന്തര പരിചരണം ആവശ്യമുള്ളവരും ചികിത്സ ചെലവുകൾ വഹിക്കാൻ കഴിയാത്തവരുമായ രോഗികൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള നബ്ദ് എൻഡോവ്മെന്റിന്റെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിന്റെ ഡയറക്ടർ ജനറൽ എൻജി. ഹസൻ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. 2020 മുതൽ ഹമദ് ഹാർട്ട് ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യ പരിചരണത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.