24/03/25
Editor
ഫുജൈറ ∙ ഞായാറാഴ്ച രാവിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ 31 വയസ്സുകാരനായ സ്വദേശി യുവാവ് മരിച്ചു. ഇദ്ദേഹം ഓടിച്ച മോട്ടോർ ബൈക്ക് അൽ മസല്ലാത് ബീച് സ്ട്രീറ്റിലാണ് അപകടത്തിൽപ്പെട്ടത്. സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.
ഈ മാസം 17ന് വാദി അൽ ഹെലോയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാർ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തിൽ വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാമത്തെയാൾ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. ഈ അപകടത്തിന്റെ ദുഃഖത്തിൽ നിന്ന് നാട് മോചനം നേടുന്നതിന് മുൻപാണ് ബൈക്കപകടത്തിൽ യുവാവ് മരിച്ചത്.