15/05/2025
Editor
ന്യൂഡൽഹി∙ കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് രണ്ടു ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അവന്തിപുരിലെ നാദേർ, ത്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ഈ മാസം 13ന് ജമ്മു കശ്മീരിലെ ഷോപിയാനിൽ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ നടന്ന ‘ഓപ്പറേഷൻ കെല്ലെർ’ ദൗത്യത്തിൽ ലഷ്കർ കമാൻഡറും പല ഭീകരാക്രമണക്കേസുകളിൽ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്നാൻ ഷാഫി ധർ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.