16/05/2025
Editor
വയനാട്: മേപ്പാടിയിലെ തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് വീണ് യുവതി മരിച്ച കേസില്‍ റിസോര്‍ട്ട് മാനേജരെയും സൂപ്പര്‍വൈസറെയും അറസ്റ്റ് ചെയ്തു. മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെന്റ് വീണ് നിഷ്മ മരിച്ചത്. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിയാണ്(25)നിഷ്മ. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എമറാള്‍ഡ് റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകര്‍ന്നു വീണാണ് അപകടം. റിസോര്‍ട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചെന്നും പ്രവര്‍ത്തനാനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് നിഷ്മ.