28/5/25
Editor
മക്ക :സഊദിയിൽ ദുൽഹിജ്ജയുടെ പൊന്നമ്പിളി മാനത്ത് പിറന്നതോടെ പുണ്യഭൂമി ഇനി അടുത്ത പതിമൂന്ന് ദിനരാത്രങ്ങൾ ലബ്ബൈക്കയുടെ മന്ത്രധ്വനികളാൽ മുഖരിതമാകും. നാളെ ദുൽഹിജ്ജ ഒന്നും ഇതനുസരിച്ച് ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമം ജൂൺ അഞ്ച് വ്യാഴാഴ്ചയും നടക്കും. ജൂൺ ആറ് വെള്ളിയാഴ്ചയാണ് സഊദിയിൽ ബലിപെരുന്നാൾ.
ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലാണ് മാസപ്പിറ ദൃശ്യമായത്. വരും ദിനങ്ങളിൽ അഷ്ടദിക്കുകളിൽ നിന്നും സഊദിയിൽ നിന്നും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതായി മക്ക ലക്ഷ്യമാക്കി നീങ്ങുന്നതോടെ പുണ്യ ഭൂമി ജനസാഗരമായി മാറും.
രാജ്യ തലസ്ഥാനമായ റിയാദിലെ പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ചൊവ്വാഴ്ച്ച വൈകിട്ട് ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഈ വർഷം ഒരുക്കിയിരുന്നത്. നേരത്തെ ദുൽഹിജ്ജ മാസപ്പിറ ദർശിക്കുന്നതിനായി രാജ്യത്തെ വിശ്വാസികളോട് സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.