29/5/25
Editor
ചെന്നൈ : തമിഴ് നടനും മക്കൾ നീതി മയ്യം (എം.എൻ.എം) രാഷ്ട്രീയ പാർട്ടിയുടെ തലവനുമായ കമൽ ഹാസൻ്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം കർണാടകയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. കന്നഡ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ് എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കമൽ ഹാസൻ നായകനായ ഏറ്റവും പുതിയ ചിത്രം “തഗ് ലൈഫ്” നിരോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലാണ് കമൽ ഹാസൻ വിവാദ പരാമർശം നടത്തിയത്. കന്നഡ നടൻ ശിവരാജ്കുമാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. എൻ്റെ ജീവിതവും എൻ്റെ കുടുംബവും തമിഴ് ഭാഷയാണ് എന്ന് തമിഴിൽ പറഞ്ഞുകൊണ്ടാണ് കമൽ ഹാസൻ പ്രസംഗം തുടങ്ങിയത്. ”അതുകൊണ്ടാണ് ശിവരാജ്കുമാർ ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ ജീവിതം, ബന്ധം, തമിഴ് എന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്, അതുകൊണ്ട് നിങ്ങളും അതിൽ ഉൾപ്പെടുന്നു” – കമൽ ഹാസൻ കൂട്ടിച്ചേർത്തു.