31/5/25
Editor
ദുബൈ:ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടുമായി യു എ ഇയുടെ പുതിയ കാലാവസ്ഥാ നിയമം ഇന്നലെ പ്രാബല്യത്തിൽ വന്നു. കാലാവസ്ഥാ പ്രതിരോധം, പുറംതള്ളൽ കണക്കാക്കൽ, പ്രാദേശിക നേതൃത്വം എന്നിവക്കായി നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്ന മെന മേഖലയിലെ ആദ്യ രാജ്യമായി ഇതോടെ യു എ ഇ മാറി. ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രധാന മേഖലകളിൽ പുറംതള്ളൽ കുറക്കുന്നതിനുള്ള ലക്ഷ്യങ്ങളും നിയമത്തിൽ വ്യക്തമാക്കുന്നു.
നിയമത്തിലെ പ്രധാന വശം ശക്തമായ മെഷർമെന്റ‌്, റിപ്പോർട്ടിംഗ്, വെരിഫിക്കേഷൻ (എം ആർ വി) ചട്ടക്കൂടാണ്. ഈ സംവിധാനം അനുസരിച്ച് പുറംതള്ളലിന്റെ കണക്കെടുപ്പ്, തേർഡ്-പാർട്ടി ഓഡിറ്റ്, ദേശീയ ഇലക്ട്രോണിക് ട്രാക്കിംഗ് പ്ലാറ്റ്‌ഫോം എന്നിവ നിർബന്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ദേശീയ കാർബൺ ക്രെഡിറ്റ് രജിസ്ട്രി യു എ ഇയെ അന്താരാഷ്ട്ര കാർബൺ വിപണികളുമായി ബന്ധിപ്പിക്കും.