2/6/25
editor
അബൂദബി: യമനിലെ കുട്ടികളിൽ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലമുണ്ടാകുന്ന മരണനിരക്ക് 20 ശതമാനം കുറക്കുന്നതിനായി യു എ ഇയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യു എച്ച് ഒ) സംയുക്ത സംരംഭം ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ 80 ശതമാനം ഗുണമേന്മയുള്ള ശിശു, മാതൃ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഖലീഫ ബിൻ സായിദ് അൽ നഹ്്യാൻ ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ വർക്കിന്റെ നേതൃത്വത്തിൽ യമനിലെ പൊതുജനാരോഗ്യ, ജനസംഖ്യാ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ യമനീസ് ദ്വീപായ സൊക്കോത്രയിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യതയും ഗുരുതര ഭീഷണി ഉയർത്തുന്നുണ്ട്. കോളറ, മീസിൽസ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗങ്ങൾക്കും മരണത്തിനും സാധ്യതയുള്ളവരാണ്.