10/6/25
മകൾ ദിയ കൂടപ്പിറപ്പുകളെ പോലെ വിശ്വസിച്ച് കൂടെ നിർത്തിയ കുട്ടികളാണ് മകളെ പറ്റിച്ചതെന്ന് ദിയ കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഗർഭിണിയായ മകൾക്ക് കടയിൽ പോയി ഇരിക്കാൻ കഴിയാതെ വന്നതോടെ കട പൂർണമായും ജോലിക്കാരുടെ കയ്യിൽ ആവുകയായിരുന്നു. അവരെ പൂർണമായും വിശ്വസിച്ചിരുന്ന ദിയയെ പറ്റിച്ച് വലിയ തുകകൾ അവർ സ്വന്തം ക്യുആർ കോഡിലേക്ക് സ്വീകരിക്കുകയും ദിയയുടെ കടയിലെ ആഭരണങ്ങൾ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയർ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. മകൾ ഇഷാനിയുടെ സുഹൃത്ത് ആഭരണം വാങ്ങിയപ്പോൾ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ വഴിതെളിച്ചത്. പൂർണ ഗർഭിണിയായി ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ഇരിക്കുന്ന മകൾ ഏറെ ദുഃഖിതയാണെന്നും വിശ്വസിച്ചു കൂടെ നിർത്തിയ പെൺകുട്ടികൾ തന്നെ ചതിച്ചല്ലോ എന്നതാണ് പണം നഷ്ടപ്പെട്ടതിനേക്കാൾ ദിയയെ തകർത്തുകളഞ്ഞതെന്നും കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ പറയുന്നു.