13/6/25
പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി ഫിഫ പുതിയൊരു ടൂർണമെന്റ് പരീക്ഷണം നടത്തുകയാണ്. ലോകത്തെ മികച്ച 32 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ തുടക്കമാവും. 2026 ഫുട്ബോൾ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായ യുഎസ്എയിലെ 11 നഗരങ്ങളിലെ 12 വേദികളിലായാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരത്തിൽ, ഞായർ പുലർച്ചെ 5.30ന് ആതിഥേയരായ ഇന്റർ മയാമിയും ഈജിപ്യൻ ക്ലബ് അൽ അഹ്‌ലിയും ഏറ്റുമുട്ടും. ഇന്ത്യയിൽ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണമില്ലെങ്കിലും ഫാൻകോഡ്, ഫിഫ പ്ലസ് ആപ്പുകളിൽ ലൈവ് സ്ട്രീമിങ് കാണാൻ ആരാധകർക്ക് അവസരമുണ്ട്. ഫൈനൽ ജൂലൈ 14നു നടക്കും.