18/8/25
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിലേക്ക് പലര്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു ഫീച്ചര്‍ ഉടന്‍ എത്തിയേക്കും. ഇംഗ്ലിഷ് ഭാഷയില്‍ എഴുതുമ്പോള്‍ ഗ്രാമര്‍ തെറ്റുവരുമോ എന്ന പേടി പലര്‍ക്കുമുണ്ട്. അതിന് ഒരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വാട്‌സാപ് പ്രവര്‍ത്തിപ്പിക്കുന്ന മെറ്റാ കമ്പനി എന്ന് റിപ്പോര്‍ട്ട്. സഹായിയായി എത്തുന്നത് നിര്‍മ്മിത ബുദ്ധിയാണ് (എഐ.ഇപ്പോള്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനില്‍ കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് റൈറ്റിങ് ഹെല്‍പ്പ് (Writing Help). ചാറ്റിനുള്ളില്‍ കിട്ടാന്‍ പോകുന്ന ഒരു എഐ ഹെല്‍പ്പര്‍ എന്നും ഇതിന് വിവരണമുണ്ട്. ഏതു പദസമുച്ചയം അല്ലെങ്കില്‍ ശൈലിയാണ് ഒരു സന്ദര്‍ഭത്തിന് ഉചിതം എന്ന് പറഞ്ഞു തരികയായിരിക്കും റൈറ്റിങ് ഹെല്‍പ്പ് ചെയ്യുക. ഇത് ഉപയോഗിച്ച് വ്യാകരണ തെറ്റുകള്‍ കുറയ്ക്കാനും, ഒരു പ്രയോഗത്തിലെ ധ്വനി കൃത്യതയുള്ളതാക്കാനും സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്‌സാപ്പില്‍ എഴുതിയ സന്ദേശം അതു കിട്ടേണ്ട ആളിന് അയയ്ക്കുന്നതിനു മുമ്പ് തെറ്റു തിരുത്തല്‍ നടത്താനായിരിക്കും എഐ ഹെല്‍പ്പര്‍ സഹായിക്കുക.