25/8/25
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആദ്യമായി ബാറ്റിങ്ങിന് ലഭിച്ച അവസരത്തിൽ മധ്യനിരയിൽ പരീക്ഷണത്തിനു പോയി പാളിയെങ്കിലും, തൊട്ടടുത്ത മത്സരത്തിൽ തന്റെ സ്വാഭാവിക പൊസിഷനായ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിന് അതിവേഗ സെഞ്ചറിയുടെ തിളക്കം. കാര്യവട്ടം സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം 22 പന്തിൽ ഒരു ബൗണ്ടറി പോലുമില്ലാതെ 13 റൺസെടുത്ത് നിരാശപ്പെടുത്തിയ സഞ്ജുവാണ്, ഓപ്പണിങ് വേഷത്തിലേക്ക് തിരിച്ചെത്തിയതോടെ തകർപ്പൻ സെഞ്ചറിയുമായി കരുത്തുകാട്ടിയത്. നിലവിലെ ചാംപ്യൻമാർ കൂടിയായ സച്ചിൻ ബേബിയുടെ ഏരീസ് കൊല്ലം സെയ‌്‌ലേഴ്സിനെതിരായ മത്സരത്തിൽ 51 പന്തിൽ സഞ്ജു അടിച്ചുകൂട്ടിയത് 121 റൺസാണ്. ഫലം, 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി വെല്ലുവിളിച്ചിട്ടും ഏരീസ് കൊല്ലം സെയ്‌ലേഴ്സിന് ദയനീയ തോൽവി!