29/8/25
ആലപ്പുഴ: കുരിശടിയും ചിറമുറിയും കടന്ന് ഇടിച്ചുകുത്തിപ്പായുന്ന ചുണ്ടനെ പോലെ ജലമാമാങ്കത്തിന്റെ ഒരുക്കങ്ങളും ഫിനിഷിങിലേക്ക്. ആശങ്കകൾക്കും പരാതികൾക്കും ഇടംനൽകാതെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന്റെ ആവേശത്തിമിർപ്പിൽ ആർപ്പുവിളിക്കുകയാണ് ആലപ്പുഴ. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. വെള്ളി പകൽ അന്തിമ പരിശോധനയിൽ കൃത്യത ഉറപ്പാക്കും.
ജില്ലാ കോടതി പാലം നിർമാണം പുരോഗമിക്കുന്നതിനിടയിലും വിപുലമായ സംവിധാനങ്ങളാണ് നെഹ്‌റുട്രോഫി വള്ളംകളിക്കായി ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിൽപ്പന തുടരുകയാണ്. കനത്ത സുരക്ഷയിലാകും ശനിയാഴ്‌ച പുന്നമടയും സമീപ പ്രദേശങ്ങളും. ബോട്ടുകളിൽ അനുവദനീയമായതിലും കൂടുതൽ ആളെ കയറ്റാൻ പാടില്ല. രാവിലെ ആറുമുതൽ ജില്ലാ കോടതി പാലം മുതൽ ഫിനിഷിങ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജലയാനങ്ങളുടെ പാർക്കിങ് നിരോധിച്ചു.
ഗാലറികളിലേക്ക് പാസുള്ളവർക്ക് മാത്രമാകും പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി–ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയത്