30/8/25
റിസർവ് ബാങ്കിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ ‘സർപ്രൈസ്’ മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചനിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബർക്ലെയ്സ്, നോമുറ, ഇക്ര തുടങ്ങിയവ പ്രവചിച്ച 6.5-7% അനുമാനത്തെയും മറികടക്കാൻ ജൂൺപാദത്തിൽ ഇന്ത്യയ്ക്ക് കഴിഞ്ഞു.
മാത്രമല്ല, സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (fastest growing major economy) എന്ന നേട്ടവും നിലനിർത്തി. ചൈന 5.2%, യുഎസ് 3.3%, ജപ്പാൻ 0.4%, ജർമനി നെഗറ്റീവ് 0.3%, യുകെ 0.3%, ഇന്തൊനീഷ്യ 5.12% എന്നിങ്ങനെയാണ് വളർന്നത്.