2/9/25
തിരുവനന്തപുരം: കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ ഇതുവരെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് 250 കോടി കമ്മിഷന്‍ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാല്‍ വര്‍ഷം അനധികൃതമായി കരാര്‍ നീട്ടിക്കൊടുക്കുകയും പുതിയ ടെന്‍ഡറില്‍ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയെ സാങ്കേതികബിഡ് റൗണ്ടില്‍ കടത്തിവിട്ടിരിക്കുകയുമാണ്. അതേസമയം തന്നെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി