10/9/25
കാഠ്‌മണ്ഡു: രാജ്യത്ത് രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന് പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധം കലാപമായി മാറിയതോടെ നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. ഒലി രാജ്യം വിട്ടതായി സൂചന. രാജി അംഗീകരിച്ചതായി പ്രസിഡന്റ് രാംചന്ദ്ര പൗഡേൽ അറിയിച്ചു. പ്രസിഡന്റ് രാജിവച്ചതായി അഭ്യൂഹം പരന്നെങ്കിലും ഇത് നേപ്പാൾ സൈന്യം നിഷേധിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവച്ചിട്ടും പ്രതിഷേധം അക്രമാസക്തമായി തെരുവിലേക്ക് പടർന്നു. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റിന്റെ ഓഫീസിനും സുപ്രീംകോടതിക്കും തീയിട്ടു. മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീട് ആക്രമിച്ച ജനക്കൂട്ടം ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കറെ ചുട്ടുകൊന്നു. കാഠ്‌മണ്ഡു ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ കർഫ്യു തുടരുന്നു. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു.